1 : കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കുമീതേ പ്രകീര്‍ത്തിക്കപ്പെടുന്നു.
2 : ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി.
3 : അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു.
4 : അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്ത്യന് എന്തു മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യ പുത്രന് എന്ത് അര്‍ഹതയാണുള്ളത്?
5 : എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാള് അല്പം മാത്രം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു.
6 : അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധിപത്യം നല്കി; എല്ലാറ്റിനെയും അവന്റെ പാദത്തിന് കീഴിലാക്കി.
7 : ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും
8 : ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും കടലില്‍ സഞ്ചരിക്കുന്ന സകലതിനെയും തന്നെ.
9 : കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അങ്ങയുടെ നാമം എത്ര മഹനീയം!