നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥന (Sangeerthanangal Psalms) 07

1 : എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയം തേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന് എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!
2 : അല്ലെങ്കില്‍ , സിംഹത്തെപ്പോലെ അവര്‍ എന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.
3 : എന്റെ ദൈവമായ കര്‍ത്താവേ, ഞാനതു ചെയ്തിട്ടുണ്ടെങ്കില്‍ , ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ‍,
4 : ഞാന്‍ എന്റെ സുഹൃത്തിനു തിന്‍മപ്രതിഫലം കൊടുത്തിട്ടുണ്ടെങ്കില്‍ ‍, അകാരണമായി ശത്രുവിനെ കൊള്ളയടിച്ചിട്ടുണ്ടെങ്കില്‍ ‍,
5 : ശത്രു എന്നെ പിന്‍തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ; എന്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ; പ്രാണനെ പൂഴിയില്‍ ആഴ്ത്തിക്കൊള്ളട്ടെ.
6 : കര്‍ത്താവേ, കോപത്തോടെ എഴുന്നേല്‍ക്കണമേ! എന്റെ ശത്രുക്കളുടെ ക്രോധത്തെ നേരിടാന്‍ എഴുന്നേല്‍ക്കണമേ! ദൈവമേ, ഉണരണമേ! അവിടുന്ന് ഒരു ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ.
7 : ജനതകള്‍ അങ്ങയുടെ ചുറ്റും സമ്മേളിക്കട്ടെ! അവര്‍ക്കു മുകളില്‍ ഉയര്‍ന്ന സിംഹാസനത്തില്‍ അവിടുന്ന് ഉപവിഷ്ടനാകണമേ!
8 : കര്‍ത്താവു ജനതകളെ വിധിക്കുന്നു; കര്‍ത്താവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും ഒത്തവിധം എന്നെ വിധിക്കണമേ!
9 : നീതിമാനായ ദൈവമേ, മനസ്‌സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനേ, ദുഷ്ടരുടെ തിന്‍മയ്ക്ക് അറുതിവരുത്തുകയും നീതിമാന്‍മാര്‍ക്കു പ്രതിഷ്ഠനല്‍കുകയും ചെയ്യണമേ!
10 : ഹൃദയനിഷ്‌കളങ്കതയുള്ളവരെ രക്ഷിക്കുന്ന ദൈവമാണ് എന്റെ പരിച.
11 : ദൈവം നീതിമാനായ ന്യായാധിപനാണ്; അവിടുന്നു ദിനംപ്രതി രോഷം കൊള്ളുന്ന ദൈവമാണ്.
12 : മനുഷ്യന്‍ മനസ്‌സു തിരിയുന്നില്ലെങ്കില്‍ അവിടുന്നു വാളിനു മൂര്‍ച്ചകൂട്ടും; അവിടുന്നു വില്ലുകുലച്ച് ഒരുങ്ങിയിരിക്കുന്നു.
13 : അവിടുന്നു തന്റെ ശരങ്ങളെ തീയമ്പുകളാക്കി, മാരകായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.
14 : ഇതാ, ദുഷ്ടന്‍ തിന്‍മയെ ഗര്‍ഭംധരിക്കുന്നു; അധര്‍മത്തെ ഉദരത്തില്‍ വഹിക്കുന്നു; വഞ്ചനയെ പ്രസവിക്കുന്നു.
15 : അവന്‍ കുഴികുഴിക്കുന്നു; താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുന്നു.    
16 : അവന്റെ ദുഷ്ടത അവന്റെ തലയില്‍ത്തന്നെ പതിക്കുന്നു; അവന്റെ അക്രമം അവന്റെ നെറുകയില്‍ത്തന്നെ തറയുന്നു.
17 : കര്‍ത്താവിന്റെ നീതിക്കൊത്തു ഞാന്‍ അവിടുത്തേക്കു നന്ദി പറയും; അത്യുന്നതനായ കര്‍ത്താവിന്റെ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും