പ്രഭാത പ്രാര്‍ഥന sangeerthanangal (Psalms) 05

1 : കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!
2 : എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്.
3 : കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ് എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു.
4 : അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; തിന്‍മ അങ്ങയോടൊത്തു വസിക്കുകയില്ല.
5 : അഹങ്കാരികള്‍ അങ്ങയുടെ കണ്‍മുന്‍പില്‍ നില്‍ക്കുകയില്ല; അധര്‍മികളെ അങ്ങു വെറുക്കുന്നു.
6 : വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു.
7 : എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍ ഞാന്‍ അങ്ങയുടെ ആലയത്തില്‍ പ്രവേശിക്കും. ഭക്തിപൂര്‍വം ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു നേരേ പ്രണമിക്കും;
8 : കര്‍ത്താവേ, എന്റെ ശത്രുക്കള്‍ നിമിത്തം എന്നെ അങ്ങയുടെ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ! എന്റെ മുന്‍പില്‍ അങ്ങയുടെ പാതസുഗമമാക്കണമേ!
9 : അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്‍ക്കുന്നു.
10 : ദൈവമേ, അവര്‍ക്കുകുറ്റത്തിനൊത്ത ശിക്ഷ നല്‍കണമേ! തങ്ങളുടെ കൗശലങ്ങളില്‍ത്തന്നെ അവര്‍ പതിക്കട്ടെ! അവരുടെ അതിക്രമങ്ങളുടെ ആധിക്യത്താല്‍ അവരെ തള്ളിക്കളയണമേ! അവര്‍ അങ്ങയെ ധിക്കരിച്ചിരിക്കുന്നു.
11 : അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ! അവര്‍ എന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കണമേ! അവര്‍ അങ്ങയില്‍ ആനന്ദിക്കട്ടെ!
12 : കര്‍ത്താവേ, നീതിമാന്‍മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ കാരുണ്യം കൊണ്ട് അവിടുന്ന് അവരെ മറയ്ക്കുന്നു