SANGEERTHANANGAL 010
Download Audio
നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥന
1 : കര്‍ത്താവേ, എന്തുകൊണ്ടാണ് അവിടുന്ന് അകന്നു നില്‍ക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നു മറഞ്ഞിരിക്കുന്നതെന്ത്?
2 : ദുഷ്ടര്‍ ഗര്‍വോടെ പാവങ്ങളെ പിന്തുടര്ന്നു പീഡിപ്പിക്കുന്നു; അവര്‍ വച്ച കെണിയില്‍ അവര്‍ തന്നെ വീഴട്ടെ.
3 : ദുഷ്ടന് തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പുപറയുന്നു; അത്യാഗ്രഹി കര്‍ത്താവിനെ ശപിച്ചുതള്ളുന്നു.
4 : ദുഷ്ടന് തന്റെ അഹങ്കാരത്തള്ളലാല്‍ അവിടുത്തെ അന്വേഷിക്കുന്നില്ല; ദൈവമില്ല എന്നാണ് അവന്റെ വിചാരം.
5 : അവന്റെ മാര്‍ഗങ്ങള്‍ എപ്പോഴും വിജയിക്കുന്നു; അവിടുത്തെ ന്യായവിധി അവനു കണ്ണെത്താത്തവിധം ഉയരത്തിലാണ്; അവന് തന്റെ ശത്രുക്കളെ പുച്ഛിച്ചുതള്ളുന്നു.
6 : ഞാന്‍ കുലുങ്ങുകയില്ല, ഒരുകാലത്തും എനിക്ക് അനര്‍ഥം ഉണ്ടാവുകയില്ലെന്ന് അവന് ചിന്തിക്കുന്നു.
7 : അവന്റെ വായ് ശാപവും വഞ്ചനയും ഭീഷണിയും കൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ നാവിനടിയില്ദ് ദ്രോഹവും അധര്‍മവും കുടികൊള്ളുന്നു.
8 : അവന് ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു; ഒളിച്ചിരുന്ന് അവന് നിര്‍ദോഷരെ കൊലചെയ്യുന്നു; അവന്റെ കണ്ണുകള്‍ നിസ്സഹായരെ ഗൂഢമായി തിരയുന്നു.
9 : പാവങ്ങളെ പിടിക്കാന്‍ അവന് സിംഹത്തെപ്പോലെ പതിയിരിക്കുന്നു; പാവങ്ങളെ വലയില്‍ കുടുക്കിഅവന്‍ പിടിയിലമര്‍ത്തുന്നു.
10 : നിസ്സഹായന് ഞെരിഞ്ഞമര്‍ന്നു പോകുന്നു; ദുഷ്ടന്റെ ശക്തിയാല്‍ അവന് നിലംപതിക്കുന്നു.
11 : ദൈവം മറന്നിരിക്കുന്നു; അവിടുന്നു മുഖം മറച്ചിരിക്കുകയാണ്; അവിടുന്ന് ഒരിക്കലുമിതു കാണുകയില്ല എന്ന് ദുഷ്ടന് വിചാരിക്കുന്നു.
12 : കര്‍ത്താവേ, ഉണരണമേ! ദൈവമേ, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!
13 : ദുഷ്ടന് ദൈവത്തെ നിഷേധിക്കുന്നതും അവിടുന്നു കണക്കുചോദിക്കുകയില്ലെന്നു ഹൃദയത്തില്‍ മന്ത്രിക്കുന്നതും എന്തുകൊണ്ട്?
14 : അങ്ങു കാണുന്നുണ്ട്; കഷ്ടപ്പാടുകളും ക്ലേശങ്ങളുംഅങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്; അങ്ങ് അവ ഏറ്റെടുക്കും, നിസ്സഹായന് തന്നെത്തന്നെഅങ്ങേക്കു സമര്‍പ്പിക്കുന്നു; അനാഥന് അവിടുന്നു സഹായകനാണല്ലോ.
15 : ദുഷ്ടന്റെയും അധര്‍മിയുടെയും ഭുജം തകര്‍ക്കണമേ! ദുഷ്ടതയ്ക്ക് അറുതിവരുന്നതുവരെ അതു തിരഞ്ഞു നശിപ്പിക്കണമേ!
16 : കര്‍ത്താവ് എന്നേക്കും രാജാവാണ്. ജനതകള്‍ അവിടുത്തെ ദേശത്തുനിന്ന് അറ്റുപോകും.
17 : കര്‍ത്താവേ! എളിയവരുടെ അഭിലാഷം അവിടുന്നു നിറവേറ്റും; അവരുടെ ഹൃദയത്തിനു ധൈര്യം പകരും; അവിടുന്ന് അവര്‍ക്കു ചെവികൊടുക്കും.
18 : അനാഥര്‍ക്കും പീഡിതര്‍ക്കും അങ്ങു നീതി നടത്തിക്കൊടുക്കും; മണ്ണില്‍നിന്നുള്ള മനുഷ്യന് ഇനിമേല്‍ അവരെ ഭീഷണിപ്പെടുത്തുകയില്ല.
