SANGEERTHANANGAL 016

Download Audio
ദൈവം എന്റെ അവകാശം

1 : ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണം വച്ചിരിക്കുന്നു.
2 : അവിടുന്നാണ് എന്റെ കര്‍ത്താവ്; അങ്ങില്‍നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.
3 : ലോകം വിശുദ്ധരെന്നു കരുതുന്ന ദേവന്‍മാര്‍ നിസ്‌സാരരാണ്; അവരില്‍ ആനന്ദംകൊള്ളുന്നവര്‍ അഭിശപ്തരാണ്.
4 : അന്യദേവന്‍മാരെ അനുഗമിക്കുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു; ഞാന്‍ അവര്‍ക്കു രക്തംകൊണ്ടു പാനീയബലി അര്‍പ്പിക്കുകയില്ല; ഞാന്‍ അവരുടെ നാമം ഉച്ചരിക്കുകയില്ല.
5 : കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
6 : അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു.
7 : എനിക്ക് ഉപദേശം നല്‍കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു; രാത്രിയിലും എന്റെ അന്തരംഗത്തില്‍ പ്രബോധനം നിറയുന്നു.
8 : കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
9 : അതിനാല്‍ ‍, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
10 : അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.
11 : അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചു തരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.