SANGEERTHANANGAL 030

Download Audio
കൃതജ്ഞതാഗാനം

1 : കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്റെ ശത്രു എന്റെമേല്‍ വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
2 : എന്റെ ദൈവമായ കര്‍ത്താവേ, ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്ന് എന്നെ സുഖപ്പെടുത്തുകയും ചെയ്തു.
3 : കര്‍ത്താവേ, അവിടുന്ന് എന്നെ പാതാളത്തില്‍ നിന്നു കരകയറ്റി; മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന് എന്നെ ജീവനിലേക്ക് ആനയിച്ചു.
4 : കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
5 : എന്തെന്നാല്‍ ‍, അവിടുത്തെ കോപം നിമിഷനേരത്തേക്കേ ഉള്ളു; അവിടുത്തെ പ്രസാദം ആജീവനാന്തം നിലനില്‍ക്കുന്നു; രാത്രിയില്‍ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തോടെ സന്തോഷത്തിന്റെ വരവായി.
6 : ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന് ഐശ്വര്യകാലത്തു ഞാന്‍ പറഞ്ഞു.
7 : കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നെ ശക്തമായ പര്‍വതത്തെപ്പോലെ ഉറപ്പിച്ചിരുന്നു; അങ്ങു മുഖം മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി.
8 : കര്‍ത്താവേ, അങ്ങയോടു ഞാന്‍ നിലവിളിച്ചു; ഞാന്‍ കര്‍ത്താവിനോടു യാചിച്ചു.
9 : ഞാന്‍ പാതാളത്തില്‍ പതിച്ചാല്‍ എന്റെ മരണംകൊണ്ട് എന്തു ഫലം? ധൂളി അങ്ങയെ വാഴ്ത്തുമോ? അത് അങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുമോ?
10 : കര്‍ത്താവേ, എന്റെ യാചന കേട്ട് എന്നോടു കരുണ തോന്നണമേ! കര്‍ത്താവേ, അവിടുന്ന് എന്നെ സഹായിക്കണമേ!
11 : അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന് എന്നെ, ചാക്കുവസ്ത്രമഴിച്ച്, ആനന്ദമണിയിച്ചു.
12 : ഞാന്‍ മൗനംപാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക് എന്നും നന്ദി പറയും.