SANGEERTHANANGAL 033

Download Audio
സ്രഷ്ടാവും പരിപാലകനുമായ ദൈവം

1 : നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍ ‍; സ്‌തോത്രം ആലപിക്കുന്നതു നീതിമാന്‍മാര്‍ക്കു യുക്തമാണല്ലോ.
2 : കിന്നരം കൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍ ‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍ .
3 : കര്‍ത്താവിന് ഒരു പുതിയകീര്‍ത്തനമാലപിക്കുവിന്‍ ‍; ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ധമായി തന്ത്രി മീട്ടുവിന്‍ ‍.
4 : കര്‍ത്താവിന്റെ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
5 : അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു,
6 : കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.
7 : അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു കലവറകളില്‍ സംഭരിച്ചു.
8 : ഭൂമി മുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ! ഭൂവാസികള്‍ അവിടുത്തെ മുന്‍പില്‍ ഭയത്തോടെ നില്‍ക്കട്ടെ!
9 : അവിടുന്ന് അരുളിച്ചെയ്തു, ലോകം ഉണ്ടായി; അവിടുന്നു കല്‍പിച്ചു, അതു സുസ്ഥാപിതമായി.
10 : കര്‍ത്താവു ജനതകളുടെ ആലോചനകളെ വ്യര്‍ഥമാക്കുന്നു; അവരുടെ പദ്ധതികളെ അവിടുന്നു തകര്‍ക്കുന്നു.
11 : കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്; അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.
12 : കര്‍ത്താവു ദൈവമായുള്ള ജനവും അവിടുന്നു തനിക്കു വേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.
13 : കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
14 : തന്റെ സിംഹാസനത്തില്‍ നിന്ന് അവിടുന്നു ഭൂവാസികളെ വീക്ഷിക്കുന്നു.
15 : അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവന്‍ അവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു.
16 : സൈന്യബാഹുല്യം കൊണ്ടു മാത്രം രാജാവു രക്ഷനേടുന്നില്ല; കരുത്തുകൊണ്ടു മാത്രം യോദ്ധാവു മോചിതനാകുന്നില്ല.
17 : പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന ആശ വ്യര്‍ഥമാണ്; അതിന്റെ വലിയ ശക്തികൊണ്ട് അതിനു രക്ഷിക്കാന്‍ കഴിയുകയില്ല.
18 : ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും കര്‍ത്താവു കടാക്ഷിക്കുന്നു.
19 : അവിടുന്ന് അവരുടെ പ്രാണനെ മരണത്തില്‍ നിന്നു രക്ഷിക്കുന്നു; ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.
20 : നാം കര്‍ത്താവിനു വേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
21 : നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു; എന്തെന്നാല്‍ ‍, നമ്മള്‍ അവിടുത്തെ വിശുദ്ധ നാമത്തില്‍ ആശ്രയിക്കുന്നു.
22 : കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.