SANGEERTHANANGAL 044
Download Audio
പരാജിതജനതയുടെ വിലാപം
1 : ദൈവമേ, പൂര്‍വകാലങ്ങളില്‍ ഞങ്ങളുടെ പിതാക്കന്മാര്ക്കു വേണ്ടി, അങ്ങു ചെയ്ത പ്രവൃത്തികള്‍ അവര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്നിട്ടുണ്ട്; അതു ഞങ്ങള്‍ കേട്ടിട്ടുമുണ്ട്.
2 : അവരെ നട്ടുപിടിപ്പിക്കാന്‍ അവിടുന്നു സ്വന്തം കരത്താല്‍ ജനതകളെ പുറത്താക്കി; അവര്‍ക്ക് ഇടം നല്കാന് അവിടുന്നു രാജ്യങ്ങളെ പീഡിപ്പിച്ചു.
3 : വാളുകൊണ്ടല്ല അവര്‍ നാടു പിടിച്ചടക്കിയത്; കരബലംകൊണ്ടല്ല അവര്‍ വിജയംവരിച്ചത്; അവിടുത്തെ വലത്തുകൈയും ഭുജവും മുഖപ്രകാശവും കൊണ്ടത്രേ; അങ്ങ് അവരില്‍ പ്രസാദിച്ചു.
4 : അവിടുന്നാണ് എന്റെ രാജാവും ദൈവവും; അവിടുന്നാണു യാക്കോബിനു വിജയങ്ങള്‍ നല്‍കുന്നത്.
5 : അങ്ങയുടെ സഹായത്താല്‍ ശത്രുക്കളെ ഞങ്ങള്‍ തള്ളിവീഴ്ത്തുന്നു; ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചു ചവിട്ടിമെതിക്കുന്നു.
6 : വില്ലിലല്ല ഞാന്‍ ശരണംവച്ചത്; വാളിന് എന്നെ രക്ഷിക്കാന്‍ കഴിയുകയുമില്ല.
7 : എന്നാല്‍ , അവിടുന്നു ഞങ്ങളെ ശത്രുക്കളില്‍ നിന്നു രക്ഷിച്ചു; ഞങ്ങളെ വെറുക്കുന്നവരെ സംഭ്രമിപ്പിച്ചു.
8 : ഞങ്ങള്‍ ദൈവത്തില്‍ നിരന്തരം അഭിമാനം കൊണ്ടു; അങ്ങയുടെ നാമത്തിനു ഞങ്ങള്‍ എന്നും നന്ദി പറയും.
9 : എന്നിട്ടും അവിടുന്നു ഞങ്ങളെ തള്ളിക്കളയുകയും അപമാനത്തിലാഴ്ത്തുകയും ചെയ്തു; ഞങ്ങളുടെ സൈന്യങ്ങളോടൊപ്പം വന്നതുമില്ല.
10 : ശത്രുവിന്റെ മുന്പില് തോറ്റോടാന്‍ അവിടുന്നു ഞങ്ങള്‍ക്കിടവരുത്തി; അവര്‍ ഞങ്ങളെ കൊള്ളയടിച്ചു.
11 : അവിടുന്നു ഞങ്ങളെ കൊല്ലാനുള്ള ആടുകളെപ്പോലെയാക്കി; ജനതകളുടെ ഇടയില്‍ ഞങ്ങളെ ചിതറിച്ചു.
12 : അവിടുന്നു സ്വന്തം ജനത്തെ തുച്ഛവിലയ്ക്കു വിറ്റു;അവിടുന്ന് അവര്‍ക്കു വിലകല്പിച്ചില്ല.
13 : അവിടുന്നു ഞങ്ങളെ അയല്ക്കാര്ക്ക് അപമാനപാത്രവും, ചുറ്റുമുള്ളവര്‍ക്കു നിന്ദാവിഷയവും പരിഹാസപാത്രവുമാക്കി.
14 : അവിടുന്നു ഞങ്ങളെ ജനതകള്‍ക്കിടയില്‍ പഴമൊഴിയാക്കി; രാജ്യങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ അവഹേളിതരായി.
15 : ദിവസം മുഴുവന്‍ എന്റെ അപമാനം എന്റെ മുന്പിലുണ്ട്; ലജ്ജ എന്റെ മുഖത്തെ ആവരണം ചെയ്യുന്നു.
16 : നിന്ദകരുടെയും ദൂഷകരുടെയും വാക്കുകള്‍കൊണ്ടും, ശത്രുവിന്റെയും പ്രതികാരേച്ഛുവിന്റെയും ദര്‍ശനംകൊണ്ടും തന്നെ.
17 : ഞങ്ങള്‍ അങ്ങയെ മറന്നില്ല; അങ്ങയുടെ ഉടമ്പടിയോട് അവിശ്വസ്തത കാണിച്ചില്ല; എന്നിട്ടും ഇതു ഞങ്ങള്‍ക്കു സംഭവിച്ചു.
18 : ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ ഞങ്ങളുടെ കാലടികള്‍ അങ്ങയുടെ വഴി വിട്ടുമാറുകയോ ചെയ്തില്ല.
19 : എന്നിട്ടും അവിടുന്നു ഞങ്ങളെ കുറുനരികളുടെ സങ്കേതത്തില്‍ ചിതറിക്കുകയും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുകയും ചെയ്തു.
20 : ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ മറക്കുകയോ അന്യദേവന്റെ മുന്പില് കൈകള്‍ വിരിച്ചു നില്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ ,
21 : അതു ദൈവത്തിന്റെ കണ്ണില്‍പ്പെടാതിരിക്കുമോ? ഹൃദയരഹസ്യങ്ങള്‍ അവിടുത്തേക്ക് അറിയാമല്ലോ.
22 : ഞങ്ങള്‍ അങ്ങയെ പ്രതിഎല്ലായ്പ്പോഴും വധിക്കപ്പെടുന്നു; അറക്കാനുള്ള ആടുകളായിഞങ്ങള്‍ കരുതപ്പെടുന്നു.
23 : കര്‍ത്താവേ, ഉണര്ന്നെഴുന്നേല്ക്കണമേ!അവിടുന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ! എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ!
24 : അവിടുന്നു മുഖം മറയ്ക്കുന്നതെന്ത്? ഞങ്ങള്‍ ഏല്ക്കുന്ന പീഡനങ്ങളും മര്‍ദനങ്ങളും അവിടുന്നു മറക്കുന്നതെന്ത്?
25 : ഞങ്ങള്‍ പൂഴിയോളം താണിരിക്കുന്നു; ഞങ്ങളുടെ ശരീരം നിലംപറ്റിയിരിക്കുന്നു.
26 : ഉണര്‍ന്നു ഞങ്ങളുടെ സഹായത്തിനു വരണമേ! അവിടുത്തെ കാരുണ്യത്തെ പ്രതി ഞങ്ങളെ മോചിപ്പിക്കണമേ!
