SANGEERTHANANGAL 050
Download Audio
കൃതജ്ഞത യഥാര്‍ഥ ബലി
1 : കര്‍ത്താവായ ദൈവം, ശക്തനായവന് , സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു.
2 : സൗന്ദര്യത്തികവായ സീയോനില്‍നിന്നു ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു മൗനമായിരിക്കുകയില്ല.
3 : അവിടുത്തെ മുന്പില് സംഹാരാഗ്നിയുണ്ട്; അവിടുത്തെ ചുറ്റും കൊടുങ്കാറ്റ് ഇരമ്പുന്നു.
4 : തന്റെ ജനത്തെ വിധിക്കാന്‍ അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5 : ബലിയര്‍പ്പണത്തോടെ എന്നോട് ഉടമ്പടി ചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിന്‍ .
6 : ആകാശം അവിടുത്തെ നീതിയെ ഉദ്ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികര്‍ത്താവ്.
7 : എന്റെ ജനമേ, കേള്‍ക്കുവിന്‍ , ഞാന്‍ ഇതാ, സംസാരിക്കുന്നു; ഇസ്രായേലേ, ഞാന്‍ നിനക്കെതിരേ സാക്ഷ്യം നല്‍കും; ഞാനാണു ദൈവം, നിന്റെ ദൈവം.
8 : നിന്റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുന്പിലുണ്ട്.
9 : നിന്റെ വീട്ടില്‍ നിന്നു കാളയെയോനിന്റെ ആട്ടിന്പറ്റത്തില് നിന്നു മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.
10 : വനത്തിലെ സര്‍വമൃഗങ്ങളും കുന്നുകളിലെ ആയിരക്കണക്കിനു കന്നുകാലികളും എന്‍േറതാണ്.
11 : ആകാശത്തിലെ പറവകളെ ഞാന്‍ അറിയുന്നു; വയലില്‍ ചരിക്കുന്നവയെല്ലാം എന്‍േറതാണ്.
12 : എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ള സമസ്തവും എന്‍േറതാണ്.
13 : ഞാന്‍ കാളകളുടെ മാംസം തിന്നുമോ? ആടുകളുടെ രക്തം കുടിക്കുമോ?
14 : കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി; അത്യുന്നതനുള്ള നിന്റെ നേര്‍ച്ചകള്‍ നിറവേറ്റുക.
15 : അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
16 : എന്നാല്‍ ദുഷ്ടനോടു ദൈവം പറയുന്നു: എന്റെ നിയമങ്ങള്‍ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം?
17 : നീ ശിക്ഷണത്തെ വെറുക്കുന്നു; എന്റെ വചനത്തെ നീ അവഗണിക്കുന്നു.
18 : കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുചേരും. വ്യഭിചാരികളോടു നീ ചങ്ങാത്തം കൂടുന്നു.
19 : നിന്റെ വായ് നീ തിന്മയ്ക്കു തുറന്നിട്ടിരിക്കുന്നു. നിന്റെ നാവു വഞ്ചനയ്ക്കു രൂപം നല്കുന്നു.
20 : നീ നിന്റെ സഹോദരനെതിരായി സംസാരിച്ചു കൊണ്ടിരിക്കുന്നു; സ്വന്തം സഹോദരനെതിരേ നീ അപവാദം പരത്തുന്നു.
21 : നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു; നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി; എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു; നിന്റെ മുന്പില് ഞാന്‍ കുറ്റങ്ങള്‍നിരത്തിവയ്ക്കുന്നു.
22 : ദൈവത്തെ മറക്കുന്നവരേ, ഓര്മയിലിരിക്കട്ടെ! അല്ലെങ്കില്‍ , ഞാന്‍ നിങ്ങളെ ചീന്തിക്കളയും; രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.
23 : ബലിയായി കൃതജ്ഞത അര്പ്പിക്കുന്നവന് എന്നെ ബഹുമാനിക്കുന്നു; നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷഞാന്‍ കാണിച്ചുകൊടുക്കും.
