SANGEERTHANANGAL 012
Download Audio
കാപട്യം നിറഞ്ഞലോകം
1 : കര്‍ത്താവേ, സഹായിക്കണമേ; ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളില്‍ വിശ്വസ്തരാരും ഇല്ലാതായി.
2 : ഓരോരുത്തനും അയല്‍ക്കാരനോട് അസത്യം പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്തുതിയും ഹൃദയത്തില്‍ കാപട്യവുമാണ്.
3 : മുഖസ്തുതി പറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും കര്‍ത്താവു ഛേദിച്ചുകളയട്ടെ.
4 : നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങള്‍ക്കു തുണയുണ്ട്; ആരുണ്ടു ഞങ്ങളെ നിയന്ത്രിക്കാന്‍ എന്ന് അവര്‍ പറയുന്നു.
5 : എന്നാല്‍ , കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍ , അവര്‍ ആശിക്കുന്ന അഭയം ഞാന്‍ അവര്‍ക്കു നല്‍കും.
6 : കര്‍ത്താവിന്റെ വാഗ്ദാനങ്ങള്‍ നിര്‍മലമാണ്; ഉലയില്‍ ഏഴാവൃത്തി ശുദ്ധിചെയ്‌തെടുത്ത വെള്ളിയാണ്.
7 : കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയില്‍ നിന്നു ഞങ്ങളെ കാത്തു കൊള്ളണമേ.
8 : ദുഷ്ടര്‍ എങ്ങും പരതി നടക്കുന്നു; മനുഷ്യപുത്രരുടെ ഇടയില്‍ നീചത്വം ആദരിക്കപ്പെടുന്നു.
