SANGEERTHANANGAL 018

Download Audio
വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രം

1 : കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
2 : അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും, എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും, എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും.
3 : സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്‍നി നിന്നു രക്ഷിക്കും.
4 : മരണപാശം എന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.
5 : പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്റെ കുരുക്ക് എന്റെ മേല്‍ഇതാ വീഴുന്നു.
6 : കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍ നിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
7 : കര്‍ത്താവിന്റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി,
8 : അവിടുത്തെ നാസികയില്‍ നിന്നു ധൂമപടലമുയര്‍ന്നു; വായില്‍ നിന്നു സംഹാരാഗ്‌നി പുറപ്പെട്ടു; കനലുകള്‍ കത്തിജ്വലിച്ചു.
9 : ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങി വന്നു, കൂരിരുട്ടിന്‍മേല്‍ അവിടുന്നു പാദം ഉറപ്പിച്ചു.
10 : കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്റെ ചിറകുകളില്‍ അവിടുന്നു പാഞ്ഞുവന്നു.
11 : അന്ധകാരം കൊണ്ട് അവിടുന്ന് ആവരണം ചമച്ചു; ജലം നിറഞ്ഞ കാര്‍മേഘങ്ങള്‍കൊണ്ടു വിതാനമൊരുക്കി.
12 : അവിടുത്തെ മുന്‍പില്‍ ജ്വലിക്കുന്ന തേജസ്‌സില്‍ നിന്നു കന്‍മഴയും തീക്കനലും മേഘങ്ങള്‍ഭേദിച്ചു ഭൂമിയില്‍ പതിച്ചു.
13 : കര്‍ത്താവ് ആകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു, കന്‍മഴയും തീക്കനലും പൊഴിഞ്ഞു.
14 : അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു; മിന്നല്‍പിണര്‍കൊണ്ട് അവരെ പായിച്ചു.
15 : കര്‍ത്താവേ, അങ്ങയുടെ ശാസനയാല്‍ ‍, അങ്ങയുടെ നാസികയില്‍ നിന്നുപുറപ്പെട്ട നിശ്വാസത്താല്‍ ‍, സമുദ്രത്തിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ അനാവൃതമായി.
16 : ഉന്നതത്തില്‍ നിന്നു കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു; പെരുവെള്ളത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു.
17 : പ്രബലനായ ശത്രുവില്‍ നിന്നും എന്നെ വെറുത്തവരില്‍ നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു; അവര്‍ എന്റെ ശക്തിക്കതീതരായിരുന്നു.
18 : അനര്‍ഥകാലത്ത് അവര്‍ എന്റെ മേല്‍ ചാടിവീണു, കര്‍ത്താവ് എനിക്ക് അഭയമായിരുന്നു.
19 : അവിടുന്ന് എന്നെ വിശാലമായസ്ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു.
20 : എന്റെ നീതിക്കൊത്തവിധം കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി; എന്റെ കൈകളുടെ നിര്‍മലതയ്ക്കുചേര്‍ന്ന വിധം എനിക്കു പകരം തന്നു.
21 : കര്‍ത്താവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ഉറച്ചു നിന്നു; തിന്‍മചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാന്‍ അകന്നു പോയില്ല.
22 : അവിടുത്തെ കല്‍പനകള്‍ എന്റെ കണ്‍മുന്‍പിലുണ്ടായിരുന്നു; അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.
23 : അവിടുത്തെ മുന്‍പില്‍ ഞാന്‍ നിര്‍മലനായിരുന്നു; കുറ്റങ്ങളില്‍ നിന്നു ഞാന്‍ അകന്നു നിന്നു.
24 : എന്റെ നീതിയും കൈകളുടെ നിഷ്‌കളങ്കതയും കണ്ടു കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി.
25 : വിശ്വസ്തനോട് അങ്ങ്‌ വിശ്വസ്തത പുലര്‍ത്തുന്നു; നിഷ്‌കളങ്കനോടു നിഷ്‌കളങ്കമായി പെരുമാറുന്നു.
26 : നിര്‍മലനോടു നിര്‍മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു.
27 : വിനീതരെ അങ്ങ് വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങ് വീഴ്ത്തുന്നു.
28 : അങ്ങ് എന്റെ ദീപം കൊളുത്തുന്നു; എന്റെ ദൈവമായ കര്‍ത്താവ് എന്റെ അന്ധകാരം അകറ്റുന്നു.
29 : അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്റെ ദൈവത്തിന്റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും;
30 : ദൈവത്തിന്റെ മാര്‍ഗം അവികലമാണ്; കര്‍ത്താവിന്റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.
31 : കര്‍ത്താവല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്?
32 : അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു; എന്റെ മാര്‍ഗം സുരക്ഷിതമാക്കുന്നു.
33 : അവിടുന്ന് എന്റെ കാലുകള്‍ക്കുമാന്‍ പേടയുടെ വേഗം നല്‍കി; ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിറുത്തി.
34 : എന്റെ കൈകളെ അവിടുന്നു യുദ്ധമുറ അഭ്യസിപ്പിച്ചു; എന്റെ കരങ്ങള്‍ക്കു പിച്ചളവില്ല് കുലയ്ക്കാന്‍ കഴിയും.
35 : അങ്ങ് എനിക്കു രക്ഷയുടെ പരിച നല്‍കി; അവിടുത്തെ വലത്തുകൈ എന്നെ താങ്ങി നിറുത്തി; അവിടുത്തെ വാത്‌സല്യം എന്നെ വലിയവനാക്കി.
36 : എന്റെ പാത അങ്ങു വിശാലമാക്കി; എന്റെ കാലുകള്‍ വഴുതിയില്ല.
37 : എന്റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല.
38 : എഴുന്നേല്‍ക്കാനാവാത്തവിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞു.
39 : യുദ്ധത്തിനായി ശക്തികൊണ്ട് അങ്ങ് എന്റെ അരമുറുക്കി; എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനമാക്കി.
40 : എന്റെ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു.
41 : സഹായത്തിനു വേണ്ടി അവര്‍ നിലവിളിച്ചു; രക്ഷിക്കാനാരുമുണ്ടായിരുന്നില്ല, കര്‍ത്താവിനോട് അവര്‍ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളിയില്ല.
42 : കാറ്റില്‍ പറക്കുന്ന ധൂളിപോലെ ഞാന്‍ അവരെ പൊടിച്ചു; തെരുവിലെ ചെളിപോലെ കോരിക്കളഞ്ഞു.
43 : ജനത്തിന്റെ കലഹത്തില്‍ നിന്ന് അങ്ങ് എന്നെ രക്ഷിച്ചു; അങ്ങ് എന്നെ ജനതകളുടെ അധിപനാക്കി; എനിക്ക് അപരിചിതമായിരുന്ന ജനത എന്നെ സേവിച്ചു.
44 : എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവര്‍ എന്നെ അനുസരിച്ചു; അന്യജനതകള്‍ എന്നോടു കേണിരന്നു.
45 : അന്യജനതകള്‍ക്കു ധൈര്യമറ്റു; കോട്ടകളില്‍ നിന്നു വിറയലോടെ അവര്‍ പുറത്തുവന്നു.
46 : കര്‍ത്താവു ജീവിക്കുന്നു; എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ; എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
47 : ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്തു; ജനതകളെ എനിക്ക് അധീനമാക്കി.
48 : ശത്രുക്കളില്‍ നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി; അക്രമികളില്‍ നിന്ന് അവിടുന്ന് എന്നെ വിടുവിച്ചു.
49 : ആകയാല്‍ കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങേക്കു കൃതജ്ഞതാസ്‌തോത്രം ആലപിക്കും; അങ്ങയുടെ നാമം പാടി സ്തുതിക്കും.
50 : തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു: തന്റെ അഭിഷിക്തനോട് എന്നേക്കും കാരുണ്യം കാണിക്കുന്നു; ദാവീദിനോടും അവന്റെ സന്തതിയോടും തന്നെ.