SANGEERTHANANGAL 029

Download Audio
കര്‍ത്താവിന്റെ ശക്തമായ സ്വരം

1 : സ്വര്‍ഗവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ ‍: മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍ ‍.
2 : കര്‍ത്താവിന്റെ മഹത്വപൂര്‍ണമായ നാമത്തെ സ്തുതിക്കുവിന്‍ ‍; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍ ‍.
3 : കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങള്‍ക്കു മീതേ മഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു.
4 : കര്‍ത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്; അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.
5 : കര്‍ത്താവിന്റെ സ്വരം ദേവദാരുക്കളെ തകര്‍ക്കുന്നു; കര്‍ത്താവു ലബനോനിലെ ദേവദാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു.
6 : അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു; സീറിയോനെ കാട്ടുപോത്തിനെപ്പോലെയും.
7 : കര്‍ത്താവിന്റെ സ്വരം അഗ്‌നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.
8 : കര്‍ത്താവിന്റെ സ്വരം മരുഭൂമിയെ വിറകൊള്ളിക്കുന്നു; കര്‍ത്താവു കാദെഷ് മരുഭൂമിയെ നടുക്കുന്നു.
9 : കര്‍ത്താവിന്റെ സ്വരം ഓക്കുമരങ്ങളെചുഴറ്റുന്നു; അതു വനങ്ങളെ വൃക്ഷരഹിതമാക്കുന്നു; അവിടുത്തെ ആലയത്തില്‍ മഹത്വം എന്ന് എല്ലാവരും പ്രഘോഷിക്കുന്നു.
10 : കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍ സിംഹാസനസ്ഥനായിരിക്കുന്നു. അവിടുന്ന് എന്നേക്കും രാജാവായി സിംഹാസനത്തില്‍ വാഴുന്നു.
11 : കര്‍ത്താവു തന്റെ ജനത്തിനു ശക്തിപ്രദാനം ചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!