SANGEERTHANANGAL 036
Download Audio
ജീവന്റെ ഉറവ
1 : ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തോടു പാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തില്‍ ദൈവഭയത്തിനു സ്ഥാനമില്ല.
2 : തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോ വെറുക്കപ്പെടുകയോ ഇല്ലെന്ന് അവന് അഹങ്കരിക്കുന്നു.
3 : അവന്റെ വായില്‍ നിന്നു വരുന്ന വാക്കു ദുഷ്കര്‍മവും വഞ്ചനയുമാണ്; വിവേകവും നന്മയും അവന്റെ പ്രവൃത്തികളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.
4 : കിടക്കയില്‍ അവന് ദ്രോഹാലോചന നടത്തുന്നു; അവന് ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നു; തിന്മയെ അവന് വെറുക്കുന്നില്ല.
5 : കര്‍ത്താവേ! അങ്ങയുടെ കാരുണ്യം ആകാശത്തോളം എത്തുന്നു; വിശ്വസ്തത മേഘങ്ങള്‍വരെയും.
6 : അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍പോലെയും, അങ്ങയുടെ വിധികള്‍ അത്യഗാധങ്ങള്‍പോലെയുമാണ്; കര്‍ത്താവേ, മനുഷ്യനെയും മൃഗത്തെയും അവിടുന്നു രക്ഷിക്കുന്നു.
7 : ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു.
8 : അവര്‍ അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയില്‍ നിന്നു വിരുന്നുണ്ടു തൃപ്തിയടയുന്നു; അവിടുത്തെ ആനന്ദധാരയില്‍ നിന്ന് അവര്‍ പാനം ചെയ്യുന്നു.
9 : അങ്ങിലാണു ജീവന്റെ ഉറവ, അങ്ങയുടെ പ്രകാശത്തിലാണു ഞങ്ങളുടെ പ്രകാശം.
10 : അങ്ങയെ അറിയുന്നവര്‍ക്ക് അങ്ങയുടെ കാരുണ്യവും നിഷ്കളങ്ക ഹൃദയര്‍ക്ക് അങ്ങയുടെ രക്ഷയും തുടര്‍ന്നു നല്കണമേ!
11 : അഹങ്കാരത്തിന്റെ പാദങ്ങള്‍ എന്റെ മേല്‍ പതിക്കാതിരിക്കട്ടെ! ദുഷ്ടരുടെ കൈകള്‍ എന്നെ ആട്ടിയോടിക്കാതിരിക്കട്ടെ!
12 : തിന്മ ചെയ്യുന്നവര്‍ അവിടെത്തന്നെ വീണുകിടക്കുന്നു; എഴുന്നേല്‍ക്കാനാവാത്ത വിധം അവര്‍ വീഴ്ത്തപ്പെട്ടിരിക്കുന്നു.
