SANGEERTHANANGAL 037
Download Audio
നീതിമാനും ദുഷ്ടനും
1 : ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ടാ; ദുഷ്കര്‍മികളോട് അസൂയപ്പെടുകയും വേണ്ടാ.
2 : അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും.
3 : ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.
4 : കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.
5 : നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.
6 : അവിടുന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും; മധ്യാഹ്നം പോലെ നിന്റെ അവകാശവും.
7 : കര്‍ത്താവിന്റെ മുന്പില് സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം അവലംബിച്ച് അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട് അസ്വസ്ഥനാകേണ്ടാ.
8 : കോപത്തില്‍ നിന്ന് അകന്നു നില്ക്കുക, ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്മയിലേക്കു മാത്രമേ നയിക്കൂ.
9 : ദുഷ്ടര്‍ വിച്ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ ഭൂമി കൈവശമാക്കും.
10 : അല്പസമയം കഴിഞ്ഞാല്‍ ദുഷ്ടന് ഇല്ലാതാകും; അവന്റെ സ്ഥലത്ത് എത്രയന്വേഷിച്ചാലും അവനെ കാണുകയില്ല.
11 : എന്നാല്‍ , ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും.
12 : ദുഷ്ടന് നീതിമാനെതിരായി ഗൂഢാലോചന നടത്തുകയും അവന്റെ നേരേ പല്ലിറുമ്മുകയും ചെയ്യുന്നു.
13 : എന്നാല്‍ , കര്‍ത്താവു ദുഷ്ടനെ പരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസം അടുത്തെന്ന് അവിടുന്നറിയുന്നു.
14 : ദുഷ്ടര്‍ വാളൂരുകയും വില്ലു കുലയ്ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ഥഹൃദയരെ വധിക്കാനും തന്നെ.
15 : അവരുടെ വാള് അവരുടെതന്നെ ഹൃദയം ഭേദിക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.
16 : അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാള് നീതിമാന്റെ അല്പമാണു മെച്ചം.
17 : ദുഷ്ടന്റെ ഭുജം തകര്‍ക്കപ്പെടും; നീതിമാനെ കര്‍ത്താവു താങ്ങും.
18 : കര്‍ത്താവു നിഷ്കളങ്കരുടെ ദിനങ്ങള്‍ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
19 : അവര്‍ അനര്‍ഥകാലത്തു ലജ്ജിതരാവുകയില്ല; ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധിയുണ്ടാകും.
20 : ദുഷ്ടര്‍ നശിക്കുന്നു; കര്‍ത്താവിന്റെ ശത്രുക്കള്‍ പുല്‍മേടുകളുടെ തഴപ്പുപോലെയാണ്; അവര്‍ മറഞ്ഞുപോകും, പുകപോലെ മാഞ്ഞുപോകും.
21 : ദുഷ്ടര്‍ വായ്പ വാങ്ങിക്കും; തിരിച്ചുകൊടുക്കാന്‍ അവര്‍ക്കു കഴിയുകയില്ല; എന്നാല്‍ , നീതിമാന് ഉദാരമായി ദാനം ചെയ്യുന്നു.
22 : കര്‍ത്താവിനാല്‍ അനുഗൃഹീതര്‍ഭൂമി കൈവശമാക്കും; അവിടുത്തെ ശാപമേറ്റവര്‍ വിച്ഛേദിക്കപ്പെടും.
23 : മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്; തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്നു സുസ്ഥിരനാക്കും.
24 : അവന് വീണേക്കാം, എന്നാല്‍ , അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ് അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്.
25 : ഞാന്‍ ചെറുപ്പമായിരുന്നു; ഇപ്പോള്‍ വൃദ്ധനായി. നീതിമാന് പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കള്‍ ഭിക്ഷയാചിക്കുന്നതോ ഞാനിന്നോളം കണ്ടിട്ടില്ല.
26 : അവന് എപ്പോഴും ഉദാരമായി ദാനം ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുന്നു; അവന്റെ സന്തതി അനുഗ്രഹത്തിനു കാരണമാകും.
27 : തിന്മയില് നിന്ന് അകന്നു നന്മ ചെയ്യുക, എന്നാല്‍ , നിനക്കു സ്ഥിരപ്രതിഷ്ഠ ലഭിക്കും.
28 : കര്‍ത്താവു നീതിയെ സ്നേഹിക്കുന്നു; അവിടുന്നു തന്റെ വിശുദ്ധരെ പരിത്യജിക്കുകയില്ല; നീതിമാന്മാര് എന്നേക്കും പരിപാലിക്കപ്പെടും; എന്നാല്‍ ദുഷ്ടരുടെ സന്തതിവിച്ഛേദിക്കപ്പെടും.
29 : നീതിമാന്മാര് ഭൂമി കൈവശമാക്കും; അതില്‍ നിത്യം വസിക്കുകയും ചെയ്യും.
30 : നീതിമാന്റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; അവന്റെ നാവില്‍ നിന്നു, നീതി ഉതിരുന്നു.
31 : ദൈവത്തിന്റെ നിയമം അവന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നു; അവന്റെ കാലടികള്‍ വഴുതുന്നില്ല.
32 : ദുഷ്ടന് നീതിമാനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു; അവനെ വധിക്കാന്‍ തക്കം നോക്കുന്നു.
33 : കര്‍ത്താവ് അവനെ ദുഷ്ടനുവിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തില് കുറ്റംവിധിക്കപ്പെടാന്‍ സമ്മതിക്കുകയുമില്ല.
34 : കര്‍ത്താവിനെ കാത്തിരിക്കുക; അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുക; ഭൂമി അവകാശമായിത്തന്ന് അവിടുന്നു നിന്നെ ആദരിക്കും; ദുഷ്ടരുടെ നാശം നീ കാണും.
35 : ദുഷ്ടന് പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയര്‍ന്നുനില്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
36 : പിന്നീടു ഞാന്‍ അതിലെ കടന്നുപോയപ്പോള്‍ അവനവിടെ ഉണ്ടായിരുന്നില്ല; അവനെ അന്വേഷിച്ചു, കണ്ടില്ല.
37 : നിഷ്കളങ്കനെ ശ്രദ്ധിക്കുക; സത്യസന്ധനെ സൂക്ഷിച്ചു നോക്കുക, എന്തെന്നാല്‍ , സമാധാനകാംക്ഷിക്കു സന്തതിപരമ്പരയുണ്ടാകും.
38 : അതിക്രമികള്‍ ഒന്നാകെ നശിപ്പിക്കപ്പെടും; ദുഷ്ടര്‍ക്കു സന്തതി അറ്റുപോകും.
39 : നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്; കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്,
40 : കര്‍ത്താവ് അവരെ സഹായിക്കുകയും വിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് അവരെ ദുഷ്ടരില്‍ നിന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും; കര്‍ത്താവിലാണ് അവര്‍ അഭയം തേടിയത്.
