SANGEERTHANANGAL 048
Download Audio
ദൈവത്തിന്റെ നഗരം
1 : കര്‍ത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍ അത്യന്തം സ്തുത്യര്‍ഹനുമാണ്.
2 : ഉയര്‍ന്നു മനോഹരമായ അവിടുത്തെ വിശുദ്ധ ഗിരി ഭൂമി മുഴുവന്റെയും സന്തോഷമാണ്; അങ്ങു വടക്കുള്ള സീയോന്‍പര്‍വതം ഉന്നതനായ രാജാവിന്റെ നഗരമാണ്.
3 : അതിന്റെ കോട്ടകള്‍ക്കുള്ളില്‍ ദൈവം സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
4 : ഇതാ, രാജാക്കന്‍മാര്‍ സമ്മേളിച്ചു; അവര്‍ ഒത്തൊരുമിച്ചു മുന്നേറി.
5 : സീയോനെ കണ്ട് അവര്‍ അമ്പരന്നു; പരിഭ്രാന്തരായ അവര്‍ പലായനം ചെയ്തു.
6 : അവിടെവച്ച് അവര്‍ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിനവേദന അവരെ ഗ്രസിച്ചു.
7 : കിഴക്കന്‍ കാറ്റില്‍പെട്ട താര്‍ഷീഷ്‌കപ്പലുകളെപ്പോലെ അവര്‍ തകരുന്നു.
8 : നാം കേട്ടതുപോലെതന്നെ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നഗരത്തില്‍ നാം കണ്ടു; ദൈവം എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെ നഗരത്തില്‍ത്തന്നെ.
9 : ദൈവമേ, അങ്ങയുടെ ആലയത്തില്‍ ഞങ്ങള്‍ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു.
10 : ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെ അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു; അവിടുത്തെ വലംകൈ വിജയം കൊണ്ടു നിറഞ്ഞിരിക്കുന്നു.
11 : സീയോന്‍മല സന്തോഷിക്കട്ടെ! അങ്ങയുടെ ന്യായവിധികള്‍മൂലം യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കട്ടെ!
12 : സീയോനു ചുറ്റും സഞ്ചരിക്കുവിന്‍ ; അതിനു പ്രദക്ഷിണം വയ്ക്കുവിന്‍ , അതിന്റെ ഗോപുരങ്ങള്‍ എണ്ണുവിന്‍ .
13 : അതിന്റെ കൊത്തളങ്ങളെ ശ്രദ്ധിക്കുകയും
14 : കോട്ടകളെ നടന്നുകാണുകയും ചെയ്യുവിന്‍ ; ഇവിടെയാണു ദൈവം; ഈ ദൈവമാണ് എന്നേക്കുമുള്ള നമ്മുടെ ദൈവം; അവിടുന്ന് എന്നും നമ്മെ നയിക്കുമെന്നു വരുംതലമുറയോടു പറയാന്‍വേണ്ടിത്തന്നെ.
